തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകൾ മാറ്റണമെന്നാന്നും കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവം പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം വ്യക്തമാക്കി.
കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് ഹോട്ടലിൽ നടന്ന സംഭവങ്ങൾ ഒളിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും അൻസി കബീർ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും പരാതിയിൽ പറയുന്നു. ഹോട്ടലിൽനിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അൻസിയെയും കൂട്ടുകാരെയും കാറിൽ പിന്തുടർന്നതെന്തിനാണെന്ന കാര്യം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്ക് പരാതിയിൽ കുടുംബം ആവശ്യപ്പെട്ടു.
Post Your Comments