മാവൂർ: പരുന്ത് കൊത്തിയതിനെ തുടർന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. ഗുരുതര പരിക്കുമായി ആറുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ പനങ്ങോട് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൈപ്പ്ലൈൻ റോഡരികിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടിൽ പരുന്ത് കൊത്തിയതിനെത്തുടർന്ന് ഇളകിയത്. തുടർന്ന് വഴിയാത്രക്കാരെയും പരിസരവാസികളെയും ആക്രമിക്കുകയായിരുന്നു.
താത്തൂർ സ്വദേശികളായ മൂന്നു പേരെയാണ് ആദ്യം ആക്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് ഇതുവഴി സ്കൂട്ടറിൽ വന്ന പനങ്ങോട് അണ്ടിപ്പറ്റ് അബ്ദുൽ ലത്തീഫിനെ (45)യും കുത്തി. വാഹനം റോഡിലിട്ട് ഓടി അയൽ വീട്ടിൽ അഭയം തേടിെയങ്കിലും പിന്തുടർന്ന് കുത്തുകയായിരുന്നു.
Read Also : ഭക്ഷ്യവിഷബാധയിൽ രണ്ടര വയസുകാരൻ മരിച്ച സംഭവം : കിണർവെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
സാരമായി കുത്തേറ്റതിനെ തുടർന്ന് ബോധക്ഷയം സംഭവിച്ച ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വീട്ടിലുണ്ടായിരുന്ന മുല്ലപ്പള്ളി അബ്ദുൽകരീം (50), മകൻ സഹൽ (25), മന്നിങ്ങാതൊടി സലാഹുദ്ദീൻ (22), പുളിയൻചാലിൽ മിദ്ലാജ് (18), ചെറുവാടി കണ്ണംപറമ്പിൽ അൻഷിദ് (21) എന്നിവർക്കും കുത്തേറ്റു. ഇവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കത്തുനിന്ന് ഫയർ ഫോഴ്സും മാവൂർ പൊലീസും സ്ഥലത്തെത്തി. രാത്രിയിൽ കൂട് നശിപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർച്ചയായുള്ള പരുന്തിന്റെ ആക്രമണത്തിൽ വൈകീട്ടോടെ കൂട് താഴെ വീഴുകയായിരുന്നു. ഇതോടെയാണ് ഭീതി ഒഴിഞ്ഞത്. തുടർന്ന് രാത്രിയോടെ ദുരന്തനിവാരണ സേനാംഗങ്ങളെത്തി കൂട് പൂർണമായി നശിപ്പിച്ചു.
Post Your Comments