കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന്‍ ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മൂന്നാംമൈല്‍ സ്വദേശി രാജേന്ദ്രന്‍ റിമാന്‍ഡിലാണ്. കല്യാണ്‍ റോഡിലെ അശ്വിന്‍, ഓട്ടോ ഡ്രൈവര്‍മാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരന്‍ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.
ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് ആയിരുന്നു സംഭവം. പട്ടാപ്പകല്‍ ദമ്പതികളെ വീടുകയറി ആക്രമിച്ച് പണവും സ്വര്‍ണവും കവരുകയായിരുന്നു. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിനെയും ഭാര്യ ലളിതയെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് 40 പവന്‍ സ്വര്‍ണവും 20,000 രൂപയുമായി പ്രതികള്‍ കടന്നു കളയുകയായിരുന്നു.
പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സുരേശന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post Your Comments