ഡല്‍ഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യാ നഗറില്‍ വ്യാഴാഴ്ചയാണ് വാടക കൊലയാളികളുടെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ ഭര്‍ത്താവായ നവീന്‍ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ സോനു, രാഹുല്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളുടെ ആക്രമണത്തിൽ ശരീരത്തില്‍ പതിനേഴോളം കുത്തേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നും അഞ്ച് ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് നവീന്‍ ഗുലേറിയ ഭാര്യയെ വകവരുത്തിയതെന്നും പോലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കുത്തേറ്റ് കിടക്കുന്ന ഭാര്യയുടെ മൃതദേഹം ജോലിക്കാരനാണ് ആദ്യം കണ്ടതെന്നായിരുന്നു നവീന്‍ പോലീസിനോട് പറഞ്ഞിരുന്നത് എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഭവസമയത്ത് രണ്ട് പേര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായും പിന്നീട് മൂന്നുപേര്‍ തിരികെ പോകുന്നതായും കണ്ടെത്തി. നവീന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഗോവിന്ദപുരിയിലെ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു.
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: പരിക്കേറ്റത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് ഷീബ
കൊലപാതകം നടന്ന ദിവസം ഈ യുവതിയുമായി നവീന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. തുടര്‍ പരിശോധനയില്‍ നവീന്റെ ഇരുചക്ര വാഹനത്തില്‍ നിന്ന് 50,000 രൂപയും വാടക കൊലയാളിയുടെ ഫോണും പോലീസിന് ലഭിച്ചു. നാല് മാസങ്ങള്‍ക്ക് മുമ്പ് നവീന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞിരുന്നതായും ഇതേതുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ നവീന്‍ ക്വട്ടേഷന്‍ നല്‍കിയതായും പോലീസ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments