കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ അപകടത്തിനു മുൻപുള്ള ദിവസങ്ങളിലും അജ്‍ഞാത വാഹനം പിന്തുടർന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിനു മുൻപിൽ ഇതേ വാഹനം കണ്ടു ഭയന്നാണു പാർട്ടി പൂർത്തിയാകും മുൻപു സുഹൃത്തുക്കൾക്കൊപ്പം മോഡലുകൾ ഹോട്ടൽ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.
അന്ന് ഇവരെ പിൻതുടർന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുൻപുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടർന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂർ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടർന്നതു ശ്രദ്ധയിൽപെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട തൃശൂർ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കൾ ഇക്കാര്യങ്ങൾ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നൽകി.
പാർട്ടി നടന്ന ഒക്ടോബർ 31 നു രാത്രിയിൽ ഇതേ വാഹനം നമ്പർ 18 ഹോട്ടലിൽ എത്തിയതിനു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കമാണു ഹോട്ടലുടമയും ജീവനക്കാരും ചേർന്നു നശിപ്പിച്ചത്. അൻസിയും അഞ്ജനയും ഉപയോഗിച്ചിരുന്ന ഫോൺനമ്പറുകളിലേക്കു 2 മാസത്തിനിടയിൽ വിളിച്ച മുഴുവൻ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അഞ്ജനയെ പിന്തുടർന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അൻസി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ഇതേ വാഹനം പിൻതുടർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മോഡലുകളെ പിന്തുടർന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ ഈ കേസിലെ നിർണായക അറസ്റ്റുണ്ടാവും.
Post Your Comments