ലക്നൗ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതോടെ മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയ യുവാവിന് ഏഴുമണിക്കൂറിനുശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ അർദ്ധരാത്രിയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ യുവാവ് മരിച്ചതായി അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പിറ്റേന്ന് രാവിലെ പൊലീസും ബന്ധുക്കളും എത്തി മൃതദേഹം പരിശോധിക്കുന്നതിനിടെ യുവാവിന്റെ സഹോദരഭാര്യയാണ് ശരീരത്തിന് അനക്കുമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഡോക്ടർമാരെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ ജീവനുണ്ടെന്ന് കണ്ടെത്തിയ ശ്രീകേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ല.
അതേസമയം, ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ പോലീസിൽ പരാതി നല്‍കുമെന്നും മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടര്‍മാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ആരോപിച്ച് ശ്രീകേഷിന്റെ ബന്ധുക്കൾ രംഗത്ത് വന്നു. എന്നാൽ ഇത്തരമൊരു സംഭവം അപൂർവ്വത്തിൽ അപൂർവ്വമാണെന്നും ഇതിനെ ഡോക്ടര്‍മാരുടെ വീഴ്ചയായി കാണാനാകില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Post Your Comments