മുംബയ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യമുറപ്പിക്കാൻ തയ്യാറായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ഡിസ്ട്രോയർ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമ്മിഷൻ ഞായറാഴ്ച നടക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ആധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായ ചടങ്ങിൽ ഐഎൻഎസ് വിശാഖപട്ടണം കമ്മിഷൻ ചെയ്യും. മുംബയിലെ നേവൽ ഡോക്ക് യാർഡിൽ വച്ചാണ് കപ്പലിന്റെ കമ്മിഷൻ ചടങ്ങുകൾ നടക്കുക.
വിശാഖപട്ടണം ക്ലാസിലെ മിസൈൽ വാഹിനി കപ്പലുകളുടെ മുൻനിരയിലാണ് പ്രൊജക്ട് 15 ബിയുടെ ഭാഗമായി ആദ്യമായി കമ്മിഷൻ ചെയ്യപ്പെടുന്ന പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ സ്ഥാനം. ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമ്മിഷൻ നടത്താൻ നാവിക സേന തയ്യാറായെന്നും തദ്ദേശീയമായി നിർമിച്ച പടക്കപ്പലുകളുടെ എണ്ണത്തിൽ ഇന്ന് രാജ്യം മുൻപന്തിയിലാണെന്നും കമാൻഡിംഗ് ഓഫീസർ ക്യാപ്ടൻ ബിരേന്ദ്ര സിംഗ് ബെയ്ൻസ് വ്യക്തമാക്കി.
Post Your Comments