കൊച്ചി: അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്.
പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയ കുടുംബം നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രതികരിച്ചു. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണമെന്നും കമ്മിഷണർക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതിനൽകുമെന്നും കുടുംബം വ്യക്തമാക്കി.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിച്ചപ്പോൾ അപകടം നടന്നു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ അപകടത്തെ സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുകയായിരുന്നു.
Post Your Comments