പാപ്പിനിശ്ശേരി: സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധർമക്കിണറിന് സമീപത്തെ കെട്ടിട നിർമാണ തൊഴിലാളി മേപ്പയിൽ സന്ദീപ് കുമാറാണ് (32) അപകടത്തിൽ പെട്ട് തൽക്ഷണം മരിച്ചത്.
ദേശീയപാതയിൽ കീച്ചേരി പമ്പാലക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ പമ്പാലക്ക് സമീപത്തെ സർവിസ് സ്റ്റേഷന് സമീപത്തു വെച്ച് ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബൈക്കിൽ ബസ് തട്ടിയതോടെ ബൈക്ക് യാത്രക്കാനായ യുവാവ് ബസിനടിയിൽപെടുകയായിരുന്നു. ബസിന്റെ ടയർ ശരീരത്തിൽ കയറിയിറങ്ങുകയും ഹെൽമറ്റടക്കം തകരുകയും ചെയ്തു.
Read Also : തടവുകാരന്റെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയിൽ ചന്ദ്രമതിയുടെയും മകനായ സന്ദീപ് കുമാർ അവിവാഹിതനാണ്. സഹോദരങ്ങൾ: സനൽ, സജിഷ്, ഷംന. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
Post Your Comments