സൗദി: രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാൻ പുരുഷൻമാർക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്സ് വിവാദത്തിൽ. ശ്രദ്ധയോടെ എങ്ങനെ രണ്ടാം ഭാര്യയെ തെരഞ്ഞെടുക്കാം എന്നതിന് പരിശീലനം നൽകുന്ന കോഴ്സാണ് വിവാദത്തിനിടയാക്കിയത്. ബഹുഭാര്യത്വത്തെ ഗൗരവമായി പരിഗണിക്കുന്നവർക്കും ഇതിലുണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ ഭയപ്പെടുന്നവർക്കുമായാണ് പരിശീലനമെന്നായിരുന്നു കോഴ്സിന്റെ പരസ്യത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നത്.
അതേസമയം, സൗദിയിലെ ഒരു വിഭാഗം സ്ത്രീകൾ പരിശീലന പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമറിയിച്ചതോടെ കോഴ്സ് നടത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറുകയായിരുന്നു. ‘സ്കിൽസ് ഓഫ് ചൂസിംഗ് സെക്കൻഡ് വൈഫ്’ എന്നായിരുന്നു കോഴ്സിന്റെ പേര്. അൽ റാസ് ഗവർണറേറ്റിലെ അൽ ബിർ അസോസിയേഷനായിരുന്നു പരിശീലനം നടത്തുന്നതായി പ്രഖ്യാപനം നടത്തിയത്.
നവംബർ 16,17 തീയതികളിൽ നടത്താനിരുന്ന പരിശീലന ക്ലാസ് സ്ത്രീകളുടെ പ്രതിഷേധം കടുത്തതോടെ ഉപേക്ഷിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധം കണക്കിലെടുത്താണ് പരിശീലന പരിപാടി ഉപേക്ഷിച്ചതെന്ന് അൽ ബിർ അസോസിയേഷൻ ഡയരക്‌ടർ ഫഹദ് അൽ സർദ സൗദി പത്രമായ അൽ വതാനിനോട് വ്യക്തമാക്കി.
Post Your Comments