
തിരുവനന്തപുരം: തന്നിഷ്ടപ്രകാരം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക വെട്ടിത്തിരുത്തുന്ന സമയത്ത് കാലത്തിന്റെ ഓർമപ്പെടുത്തലാണ് വാഗൺ കൂട്ടക്കൊലയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരർത്ഥത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ കേരളത്തിലെ ‘ജാലിയൻ വാലാഭാഗ്’ ആണ് വാഗൺ കൂട്ടക്കൊലയെന്നും 1921 നവംബർ 19 ലെ ഈ ഇരുണ്ട അധ്യായത്തിന് ഒരു നൂറ്റാണ്ട് തികയുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read:മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് കുറഞ്ഞു, തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു
‘ബ്രിട്ടീഷ് ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണ് വാഗൺ കൂട്ടക്കൊല. വാഗൺ കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകനായ ആർ എച്ച് ഹിച്കോക്കിന്റെ സ്മരണാർത്ഥം വള്ളുവമ്പ്രത്ത് 1920കളുടെ അവസാനത്തിൽ ഒരു സ്മാരകം നിർമ്മിക്കുകയുണ്ടായി. ഈ സ്മാരകം തകർത്താണ് വാഗൺ സ്മാരകം പണിഞ്ഞതെന്ന സവിശേഷ ചരിത്രം കൂടി നവോത്ഥാന കേരളത്തിനുണ്ട് . 1967 ൽ അധികാരത്തിലെത്തിയ ഇ എം എസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന സഖാവ് ഇമ്പിച്ചിബാവയുടെ നിർദേശപ്രകാരമാണ് വള്ളുവമ്പ്രത്ത് വാഗൺ സ്മാരകം പണിഞ്ഞത് എന്നത് മറ്റൊരു സവിശേഷത’, മന്ത്രി പറഞ്ഞു.
‘ധീര ദേശാഭിമാനികൾക്ക് പ്രണാമം. ഒപ്പം അവരേറ്റെടുത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം തുടരുമെന്നും അതിന് ഭംഗമുണ്ടാക്കുന്ന വർഗീയ ശക്തികളെ ഒറ്റപ്പെടുത്തുമെന്നുമുള്ള പ്രതിജ്ഞയും ഈ ഘട്ടത്തിൽ നാം ഓരോത്തരും എടുക്കേണ്ടതുണ്ട്’, മന്ത്രി ഫേസ്‌ബുക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
Post Your Comments