അരീക്കോട്: ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചു നൽകാതെ കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെറുവായൂർ സ്വദേശി മുഹമ്മദ് ബഷീർ എന്ന മാനുപ്പയയാണ് (31) അറസ്റ്റിലായത്. അരീക്കോട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുണ്ടംപറമ്പ് സ്വദേശി അബ്ദുറഷീദിന്റെ 3.8 ലക്ഷം രൂപ വിലവരുന്ന കാർ 15 ദിവസം ഉപയോഗിക്കുന്നതിനാണ് നൽകിയത്. എന്നാൽ ഇത് തിരിച്ചു നൽകാതെ കൈമാറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ കാറുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കടത്ത് കേസിലെ നാലാം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ബഷീർ.
Read Also : അനധികൃത എഴുത്ത് ലോട്ടറി നടത്തൽ : രണ്ടുപേർ പിടിയിൽ
അതേസമയം കാണാതായ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ കാർ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ പറഞ്ഞു. കേസിലെ മറ്റു പ്രതികളായ ചെറുവായൂർ കാസിം, മുഹമ്മദലി ഒഴുകൂർ, തടപ്പറമ്പ് മുജീബ് റഹ്മാൻ എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വാഹനം തമിഴ്നാട്ടിലേക്ക് കടത്തി എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു. നിലവിൽ പ്രതികൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്. മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments