കോഴിക്കോട്: ജയിലിലെ മാനസിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് അലനും താഹയും ആദ്യമായി പൊതുവേദിയിൽ. ചായകുടി പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് ചായകുടിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തിയാണ് ഇരുവരും ജയിലിലെ മാനസിക പീഡനങ്ങള്‍ തുറന്നു പറഞ്ഞത്. കോഴിക്കോട് ബീച്ചിലാണ് അലനും താഹയും ഒരുമിച്ചിരുന്ന് ചായ കുടിച്ച് പ്രതികരിച്ചത്.
മനുഷ്യാവകാശ ലംഘനത്തില്‍ കേരളം ഒട്ടും പിന്നിലല്ലെന്നും അകാരണമായി യുഎപിഎ ചുമത്തുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു. സമാന രീതിയില്‍ ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് ഒപ്പമാണെന്നും ഇരവരും വ്യക്തമാക്കി. ജാമ്യം കിട്ടിയതിന് ശേഷം ഇതാദ്യമായാണ് ഒരുമിച്ച് ഇരുവരും ഒരു പൊതുവേദിയിലെത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മുണ്ടൂര്‍ രാവുണ്ണി, അഡ്വ. പി.എ പൗരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അലനും താഹക്കും സ്വീകരണമൊരുക്കിയത്.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ വാദം തള്ളി ഇരുവര്‍ക്കും സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന എന്‍ഐഎ വാദമാണ് സുപ്രീംകോടതി തള്ളിയത്. പുസ്തകങ്ങള്‍, ലഘുലേഖകള്‍, പ്ലക്കാര്‍ഡുകള്‍, ഡയറി കുറിപ്പുകള്‍ ഇതൊക്കെയാണ് അലനും ത്വാഹയ്ക്കുമെതിരെ പ്രധാന തെളിവുകളായി എന്‍ഐഎ കോടതിയില്‍ നിരത്തിയിരുന്നത്. ഇരുവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.
Post Your Comments