ചെന്നൈ : കോയമ്പത്തൂരിൽ ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നു മരിച്ചത് ശ്രീലങ്കൻ അധോലോക കുറ്റവാളി അംഗോഡ ലൊക്ക തന്നെയെന്ന് ഡിഎൻഎ ഫലം. പ്രദീപ് സിങ് എന്ന വ്യാജപേരിൽ നഗരത്തിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അംഗോഡ ലൊക്കെ 2020 ജൂലൈ 3നാണു മരിച്ചത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മധുരയിൽ സംസ്‌കരിച്ചിരുന്നു. അംഗോഡയുടെ അടുത്ത അനുയായിയും കൊളംബോ സ്വദേശിയുമായ ചാനുക തനനായക് കഴിഞ്ഞ ദിവസം കർണാടകയിലെ ബാനസവാടിയിൽ അറസ്റ്റിലായിരുന്നു.
കർണാടക സൈബർ പൊലീസ് സെല്ലിന്റെ സഹായത്തോടെ കോയമ്പത്തൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് അഭയം നൽകിയ ശ്രീവില്ലുപൂത്തൂർ സ്വദേശിയായ ടി.ഗോപാലകൃഷ്ണനും പിടിയിലായിരുന്നു. മരിച്ചത് അംഗോഡ തന്നെയാണോ എന്ന സംശയം ഉയർന്നതോടെ ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഇയാളുടെ അമ്മയിൽനിന്നു ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ചെന്നൈയിലെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.
ഫലം വന്നതോടെ മരിച്ചത് അംഗോഡ തന്നെയെന്ന് ഉറപ്പായി. ഇതോടെ ഇയാൾക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയെ സമീപിക്കും. ഇയാളുടെ ശ്രീലങ്കയിലുള്ള സ്വത്തു കണ്ടുകെട്ടാനുള്ള നടപടി ശ്രീലങ്കൻ പൊലീസും തുടങ്ങി.
Post Your Comments