ലണ്ടൻ: ലോകത്താകമാനമുള്ള എച്ച് ഐ വി- എയിഡ്സ് രോഗികൾക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചം പകരുന്ന വാർത്തയുമായി ശാസ്ത്ര ലോകം. എച്ച്ഐവി പോസിറ്റീവ് ആയ ശേഷം ചികിത്സ കൂടാതെ വൈറസ് മുക്തയായ ലോകത്തെ രണ്ടാമത്തെ രോഗി അർജന്റീനയിലെ എസ്പെരാൻസ പട്ടണത്തിൽ. ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഇവർ ഉപയോഗിച്ചിട്ടില്ല എന്നാണ് വിവരം.
ഈ രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിലധികം കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നും ഗവേഷകർ വ്യക്തമാക്കി. ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ശാസ്ത്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. മറ്റ് എച്ച്ഐവി ബാധിതരുടെ പ്രതിരോധ വ്യവസ്ഥയെ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം കൈവരിക്കാവുന്ന തരത്തിൽ മാറ്റിയെടുക്കാൻ ഈ രോഗിയിൽ നടത്തുന്ന പഠനങ്ങളിലൂടെ സാധിക്കുമെന്ന് ഗവേഷകർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലുള്ള ഒരു രോഗിക്കും എച്ച് ഐ വി രോഗമുക്തി നേടാൻ സാധിച്ചിരുന്നു. എച്ച്ഐവി ബാധിക്കുമ്പോൾ, വൈറസ് അതിന്റെ ജനിതകഘടനയുടെ പകർപ്പുകൾ കോശങ്ങളിലെ ഡിഎൻഎയിലോ മറ്റു ജനിതകവസ്തുക്കളിലോ സൂക്ഷിക്കും. വൈറൽ റിസർവോയർ എന്നറിയപ്പെടുന്ന ഈ സംഭരണി ഉപയോഗിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷ നേടും.
ആന്റി റെട്രോവൈറൽ ചികിത്സയിലൂടെ വൈറസുകൾ പെരുകുന്നത് തടയാമെങ്കിലും സംഭരണികൾ നിലനിൽക്കും. എന്നാൽ അർജന്റീനയിലെ രോഗിക്ക് ഈ വൈറൽ സംഭരണിയെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ചു നശിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ലണ്ടൻ സ്വദേശിയായ ആദം കാസിലെജോയും എച്ച് ഐ വിയിൽ നിന്നും മുക്തനായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കാൻസർ ചികിത്സക്കിടെയാണ് ഇദ്ദേഹത്തിൽ നിന്നും എയിഡ്സ് ബാധിതമായ കോശങ്ങളും നശിച്ചു പോയത്. എന്നാൽ ഇദ്ദേഹത്തിൽ രോഗമുക്തി ശാശ്വതമായി നിലനിൽക്കുമോ എന്നതിൽ ഉറപ്പ് പറയാനാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
Post Your Comments