ഇരിങ്ങാലക്കുട: ആളൂര്‍ മാള റോഡിലെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ബാഗില്‍ നിന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുഴല്‍മന്ദം സ്വദേശിയും ആളൂരില്‍ സ്ഥിര താമസക്കാരനുമായ കരിങ്ങാത്തോട് വീട്ടില്‍ സുകുവാണ് (32) അറസ്റ്റിലായത്. നാല് സ്വര്‍ണവളകള്‍ ആണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മോഷണം വീട്ടുകാര്‍ അറിഞ്ഞത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോള്‍ വളകള്‍ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണ അണിയാനായി നോക്കിയപ്പോഴാണ് വളകള്‍ മോഷണം പോയത് അറിഞ്ഞത്.
സി.സി.ടി.വി ദൃശ്യങ്ങളും സ്വര്‍ണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ വിറ്റ സ്വര്‍ണ വളകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പാചക തൊഴിലാളിയാണ് പ്രതി. ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് പരാതിക്കാരുടെ വീട്ടുപരിസരത്തെത്തി കാറിലിരുന്ന ബാഗില്‍ നിന്ന് സ്വര്‍ണവളകള്‍ മോഷ്ടിച്ചത്.
ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments