കൊൽക്കത്ത: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മോഡലിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി. ബംഗാളിലെ ദക്ഷിണ പരഗാനസ് ജില്ലയിൽ നടന്ന സംഭവത്തിൽ സ്ഥലത്തെ ബാർ മനേജർക്കെതിരാണ് യുവതി പരാതി നൽകിയിട്ടുള്ളത്.
സോഷ്യൽ മീഡിയയിലൂടെ ഒന്നര വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. നവംബർ 29ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രതി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായി യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി യുവതിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ യുവതി ഗർഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ പ്രതി ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കി.
‘ഇരുവരുടെയും പ്രണയബന്ധം വളർന്നതോടെ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നു. നവംബർ 29നാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മുമ്പ് അവൾ ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു’. അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, മോഡലിന്‍റെ പരാതിയിൽ കേസെടുത്ത പോലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments