![](/wp-content/uploads/2021/07/fasal_murder_case_accused_760x400-2.jpg)
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍ പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സി.ഐ കെ.പി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിര്‍ദേശമുണ്ട്. ഫസല്‍ അന്വേഷണ കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടിലാണിത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളെ രക്ഷിക്കാനായി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണ് എന്നാണ് മറ്റൊരു കേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചത്.
അതേ തുടര്‍ന്ന് ഹൈക്കോടതി ഇതിലിടപെടുകയും തുടരന്വേഷണം നിര്‍ദേശിക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ടിലാണ് മുൻ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിനെക്കൊണ്ട് കള്ളമൊഴി രേഖപ്പെടുത്തിയ സംഭവത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
സുബീഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് തന്നെ സി.പി.എം അനുകൂല സാമൂഹിക മാധ്യമങ്ങളില്‍ കൊലപാതകത്തിന് പിന്നില്‍ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍വെച്ച് ഈ മൊഴി രേഖപ്പെടുത്തി എന്നതാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
നാലുപേര്‍ ഒരു ബൈക്കില്‍ പോയി എന്നതാണ് സുബീഷിന്റെ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരിക്കലും സാധ്യമാകില്ലെന്ന് സി.ബി.ഐ കണ്ടെത്തി. കേസില്‍ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികള്‍ തന്നെയാണ് പ്രതികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോടതി വിലക്കിനു ശേഷം കണ്ണൂർ ജില്ലയിൽ കാരായി സഹോദരന്മാർ എത്തിയത് രണ്ടാഴ്ച മുൻപായിരുന്നു.
Post Your Comments