ന്യൂഡൽഹി: ഇന്ധവില കുറയാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചുട്ടമറുപടിയുമായി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. കേന്ദ്രസർക്കാർ നികുതി കുറയ്ക്കാൻ അതിധീരമായ നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ ജനങ്ങൾ സ്വന്തം സർക്കാറുകളോടാണ് എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ലെന്ന് ചോദിക്കേണ്ടതെന്നും നിർമ്മലാ സീതാരാമൻ മറുപടി പറഞ്ഞു.
കേന്ദ്രസർക്കാർ എക്സ്സൈസ് നികുതിയിൽ ഇളവുവരുത്തിക്കൊണ്ടാണ് പെട്രോളിന്റേയും ഡീസലിന്റേയും വില നിയന്ത്രിച്ചത്. ഇനിയും വില കുറയണമെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ വാറ്റ് നികുതികുറയ്ക്കുക തന്നെ വേണം. ഇന്ധന നികുതിയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ അനുവാദമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാറുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് മനസ്സിലാകുന്നില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യം കൊറോണ കാലത്തും ശക്തമായ രീതിയിൽ സാമ്പത്തിക വാണിജ്യ മേഖലയിൽ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ച് മുന്നേറുന്നതിനാണ് സംസ്ഥാന സർക്കാറുകൾ ശ്രമിക്കേണ്ടത്. അതിനു പകരം വികസനത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് ചില സംസ്ഥാനങ്ങൾ എടുക്കുന്നതെന്നും ധനകാര്യമന്ത്രി വിമർശിച്ചു.
എല്ലാ മുഖ്യമന്ത്രിമാരുമായും ധനകാര്യമന്ത്രിമാരുമായും ഒരുമിച്ച് നടത്തിയ വെർച്വൽ യോഗത്തിന് ശേഷമാണ് ധനകാര്യമന്ത്രി സംസ്ഥാനങ്ങളുടെ ഇരട്ടത്താപ്പിന് ശക്തമായ മറുപടി നൽകിയത്.
Post Your Comments