ശ്രീനഗര്‍ : കുടുംബമോ ബന്ധുക്കളോ ഇല്ലാത്ത വൃദ്ധന്‍ തന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി സൂക്ഷിച്ചുവെച്ച ഒരു ലക്ഷം രൂപ മോഷണം പോയി. തെരുവോരത്ത് കടല വിറ്റ് ജീവിച്ചിരുന്ന കച്ചവടക്കാരന്‍ സ്വരുക്കൂട്ടിവെച്ച പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതോടെ 90 കാരനായ അബ്ദുള്‍ റഹ്മാന്‍ പൊലീസില്‍ പരാതി നല്‍കാനെത്തി. അദ്ദേഹത്തിന്റെ കഥ കേട്ട ശ്രീനഗറിലെ ബൊഹ്രി കഡല്‍ മേഖലാ എസ്പി സന്ദീപ് ചൗധരി സ്വന്തം കൈയില്‍ നിന്നും ഒരു ലക്ഷം രൂപ വൃദ്ധന് എടുത്തു നല്‍കുകയായിരുന്നു. ഇതോടെ സമൂഹ മാദ്ധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് എസ്പി സന്ദീപ് ചൗധരി.
കടലവിറ്റ് ഉപജീവനം നയിക്കുന്ന റഹ്മാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. പണം നഷ്ടമായ റഹ്മാന്‍ പരാതിയുമായി സന്ദീപ് ചൗധരിയെ സമീപിക്കുകയായിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്കായി റഹ്മാന്‍ സൂക്ഷിച്ചിരുന്ന പണമായിരുന്നു നഷ്ടമായത്. ഇതറിഞ്ഞതോടെയാണ് സന്ദീപ് ചൗധരി സ്വന്തം കയ്യില്‍ നിന്നും പണം നല്‍കിയത്. പണം ലഭിച്ച റഹ്മാന്‍ സന്തോഷത്തോടെ മടങ്ങി.
സന്ദീപ് ചൗധരിയുടെ പ്രവൃത്തി സഹപ്രവര്‍ത്തകരാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന റഹ്മാന്റെ ചിത്രവും പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സന്ദീപ് ചൗധരിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തെ അഭിനന്ദിച്ചു.
Post Your Comments