തളിപ്പറമ്പ്: മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് (29) അറസ്റ്റിലായത്.
തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിൻ ലോറൻസ് എന്ന ഉല്ലാസിനാണ് (32) ഒക്ടോബർ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നതിനെതിരെ ജസ്റ്റിൻ പ്രതികരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചത്.
Read Also : പെരുന്ന സെൻറ് ആന്റണീസ് പള്ളിയില്‍ മോഷണം : നേർച്ചപെട്ടികളിൽ നിന്ന് പണം കവർന്നു
രാത്രി വീട്ടിലെത്തിയ മൂന്നംഗസംഘം പുറത്ത് നിർത്തിയിട്ട ജസ്റ്റിന്റെ ബൈക്ക് അടിച്ചു തകർത്തു. തുടർന്ന് ശബ്ദം കേട്ട് പുറത്തേക്കു വന്ന ജസ്റ്റിനെ മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു.
വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്തു. തുടർന്ന് അകത്ത് കടന്ന സംഘം വീട്ടുസാധനങ്ങളും നശിപ്പിച്ചു. ജസ്റ്റിന്റെ പിതാവ് ലോറൻസിനെയും മാതാവ് ഉഷയെയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിൽ പോയ നിധീഷിനെ ഞായറാഴ്ച വൈകീട്ടാണ് പിടികൂടിയത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments