കോഴിക്കോട്: രണ്ടര വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നാണന്ന സംശയത്തിൽ ആരോഗ്യ വകുപ്പ്. ഹെൽത്ത് ഇൻസ്പെക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട ഡി.എം.ഓ, കല്യാണ വീട്ടിൽ ഭക്ഷണം എത്തിച്ച കടകൾ അടച്ചിടാനും ഉത്തരവിട്ടു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
വീരമ്പ്രം ചെങ്ങളം കണ്ടി അക്ബറിന്റ മകൻ മുഹമ്മദ് യാമിൻ ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. വ്യാഴാഴ്ച (നവംബർ-11) തൊട്ടടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മുഹമ്മദ് യാമിൻ അടക്കം 12 കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ യാമിന്റ നില ഗുരുതരമായി. പുലർച്ചയോടെ മരിച്ചു. ചിക്കൻ വിഭവത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ഇത് സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചത്.
വധുവിന്റ വീട്ടിലെ വിവാഹ സർക്കാരത്തിലും യാമിൻ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെയാന് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്ത കടക്കാരോട്,മരണകാരണം കണ്ടെത്തുന്നതു വരെ കടകൾ അടച്ചിടാൻ ആവശ്യപ്പെട്ടത്. രാത്രിയോടെ വീരമ്പ്രത്തെ വീട്ടിലെത്തിച്ച യാമിന്റ മൃതദേഹം കബറടക്കി. ഗൾഫിലായിരുന്ന പിതാവ് എത്തിയ ശേഷമായിരുന്നു സംസ്കാരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
Post Your Comments