ആലപ്പുഴ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വെള്ളിയാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയും ചാക്കോ കൊലക്കേസും വീണ്ടും ചര്‍ച്ചയാകുകയാണ്. 1984 ലെ ചാക്കോ കൊലപാതകം വീണ്ടും ജനങ്ങളുടെ മുന്നില്‍ പുനര്‍ജനിക്കുമ്പോള്‍ അന്നത്തെ സുകുമാര കുറുപ്പ് എവിടെ ? അയാള്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ടോ ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മലയാളികള്‍ക്ക് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളും പ്രതികരിച്ച് രംഗത്ത് എത്തി.
എവിടെയോ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കുറുപ്പിന്റെ ബന്ധുക്കളുടെ അഭിപ്രായം. കുറുപ്പിനെ അവിടെ കണ്ടു, ഇവിടെ കണ്ടു, മരിച്ചു പോയി, മദീനയില്‍ മുസ്ലിം പള്ളിയില്‍ ഒളിച്ചു താമസിക്കുന്നു തുടങ്ങിയ കഥകളൊക്കെ വെറുതെ തള്ളാണെന്നാണ് ഇവരുടെ അഭിപ്രായം. കുറുപ്പിനെ ഒരിക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ആളറിയാതെ വിട്ടയച്ചുവെന്ന മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വാദവും പച്ചക്കള്ളമെന്നാണ് ഇവര്‍ പറയുന്നത്.
ചാക്കോയുടെ കൊലയ്ക്ക് ശേഷം കേരളം വിട്ട സുകുമാര കുറുപ്പ് നേരെ പോയത് ഭോപ്പാലിലുള്ള അമ്മാവന്റെ മകളുടെ അടുത്തേക്കാണ്. കുറുപ്പിനെ കൊട്ടാരക്കര എത്തിച്ച വാസുദേവക്കുറുപ്പിന്റെ മകളുടെ ഭോപ്പാലിലുള്ള വീട്ടിലാണ് കുറുപ്പ് എത്തിയത്. വെറും മൂന്നു ദിവസം മാത്രമാണ് ഇവിടെ കുറുപ്പിന് കഴിയാനായത്. നാട്ടിലെ വാര്‍ത്തകള്‍ അറിഞ്ഞ് ഭയന്നു പോയ അമ്മാവന്റെ മകള്‍ കുറുപ്പിനോട് ഇക്കാര്യം പറഞ്ഞു. ഇതോടെ കുറുപ്പ് വീടു വിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.
സുകുമാരക്കുറുപ്പ് നാടുവിടാനുണ്ടായ യഥാര്‍ത്ഥ കാരണം ചാക്കോയുടെ കൊലപാതകമല്ലെന്നാണ് ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളുമൊക്കെ പറയുന്നത്. ചാക്കോയുടെ കൊലപാതക കേസില്‍ നിന്ന് കുറുപ്പിന് തലയൂരാന്‍ പറ്റുന്ന പഴുതുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്നിടത്തോ അതിന് ശേഷമോ കുറുപ്പിന്റെ സാമീപ്യം ഉണ്ടായിരുന്നില്ല.
കൊന്നതും മൃതദേഹം കരിച്ചതുമെല്ലാം ഭാസ്‌കരപിള്ളയും ഷാഹുവും ചേര്‍ന്നായിരുന്നു. കൊലപാതകത്തിന് പൊന്നപ്പനും സാക്ഷിയായി. പിന്നീട് മാപ്പു സാക്ഷിയായ ഷാഹു എല്ലാം കുറുപ്പിന്റെ തലയില്‍ വച്ച് കെട്ടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഈ കേസില്‍ കുറുപ്പിന് ശിക്ഷ കിട്ടില്ലെന്നും രക്ഷപ്പെടാന്‍ എളുപ്പമാണെന്നുമുള്ള നിയമോപദേശമാണ് അഭിഭാഷകനായ മഹേശ്വരന്‍ പിള്ള നല്‍കിയത്. കുറുപ്പിനെ പൊലീസിന് നല്‍കാമെന്ന് ബന്ധുക്കളും വാക്കു കൊടുത്തിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്തിയ ശേഷമാണ് കുറുപ്പിനെ പാലക്കാട്ട് നിന്നും ചെറിയനാട്ടേക്ക് വിളിച്ചു വരുത്തിയത്. തനിക്ക് രക്ഷപ്പെടാമെന്ന് ഉറപ്പു കിട്ടിയിട്ടും കുറുപ്പ് കീഴടങ്ങാന്‍ തയാറായില്ല. നാടുവിടുകയും ചെയ്തു.
എയര്‍ഫോഴ്‌സില്‍ നിന്നും കുറുപ്പ് ഒളിച്ചോടിയാണ് നാട്ടിലെത്തിയതെന്നും അവിടെ എന്തോ ഗുരുതരമായ കുറ്റകൃത്യത്തില്‍ കുറുപ്പ് ഏര്‍പ്പെട്ടുവെന്നുമുള്ള സംശയമാണ് നിലനില്‍ക്കുന്നത്. പൊലീസിന്റെ പിടിയില്‍പ്പെട്ടാല്‍ തനിക്ക് വധശിക്ഷ ഉറപ്പാണ്. അതു കൊണ്ട് കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു കുറുപ്പ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ഈ വഴിക്ക് പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments