ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജവാന്മാരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്. ഷിജ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ അദ്ദേഹം ജവാന്മാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അസം റൈഫിള്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഡോക്ടര്‍മാരോടും മുഖ്യമന്ത്രി ആരാഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും നാല് ജവാന്മാരും ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അസം റൈഫിള്‍സ് 46ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, ഏട്ട് വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ത്രിപാഥിയും ഭാര്യയും കുഞ്ഞും സൈനികരും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമായിരുന്നു ഉണ്ടായത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടും ഏറ്റെടുത്തു.
Post Your Comments