തിരുവനന്തപുരം : ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വെള്ളിയാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ തിയറ്റര്‍ നിറയുകയാണ്. 37 വര്‍ഷം മുമ്പത്തെ യഥാര്‍ത്ഥ സംഭവം വീണ്ടും സിനിമയിലൂടെ പുന:രാവിഷ്‌ക്കരിക്കുമ്പോള്‍ അത് ഇത്രയും ചര്‍ച്ചയാകുമെന്ന് ആരും കരുതിയില്ല. ഇതോടെ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയും ചാക്കോ കൊലക്കേസും വീണ്ടും ചര്‍ച്ചയാകുകയാണ്. ഇപ്പോഴത്തെ ജനറേഷന് ഇതെല്ലാം ഒരു നിസാരമാണ്. അക്കാലത്ത് ലക്ഷങ്ങള്‍ ആസ്തിയുള്ള സുകുമാര കുറുപ്പിന് കുറച്ച് പണം എറിഞ്ഞ് കേസില്‍ നിന്ന് പുഷ്പം പോലെ ഊരിപ്പോരായിരുന്നുവെന്നാണ് ഇവരുടെ ചിന്ത. ചാക്കോയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയി ജീവിതം കോഞ്ഞാട്ടയാക്കിയ സുകുമാര കുറുപ്പ് പൊട്ടനായ ബുദ്ധി രാക്ഷസനെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ‘സുകുമാരക്കുറുപ്പ് എന്ന നരാധമന്‍ ഫിലിം റെപ്രെസെന്റേറ്റീവ് ആയിരുന്ന ചക്കോയെ അംബാസഡര്‍ കാറില്‍ അര്‍ധരാത്രിയില്‍ തീ വെച്ച് കൊന്ന് ഇന്‍ഷുറന്‍സ് തട്ടിയെടുത്ത് കോടീശ്വരന്‍ ആകാനുള്ള ശ്രമം നടത്തിയ വാര്‍ത്തകളാല്‍ പത്രങ്ങള്‍ നിറഞ്ഞത്. അക്കാലത്തു മാധ്യമങ്ങള്‍ എന്നാല്‍ പത്രം, റേഡിയോ ആന്‍ഡ് കരക്കമ്പി എന്നിവ മാത്രം’
‘റേഡിയോ എന്നത് സര്‍ക്കാര്‍ നിയന്ത്രണം ആയത് കൊണ്ട് ആകാശവാണി വാര്‍ത്ത ചലച്ചിത്ര ഗാനം, രഞ്ജിനി, വയലും വീടും, കണ്ടതും കേട്ടതും, തുടങ്ങി ചില പരിപാടിയില്‍ ഒതുങ്ങി നില്‍ക്കുന്ന കാലം’.
‘അത് മുതലെടുത്തു കൊണ്ട് പത്രങ്ങള്‍ കോട്ടയം പുഷ്പനാഥിന് വെല്ലുവിളി ഉയര്‍ത്തുന്ന കാലം. ‘ഇന്ദിര ഗാന്ധിയെ ബീന്ത് സിംഗ് വെടി വെച്ചപ്പോള്‍ യന്ത്രതോക്കില്‍ നിന്ന് ‘ട്ടേ ട്ടേ ‘ എന്ന ശബ്ദത്തില്‍ വെടിയുണ്ടകള്‍ ചീറി പാഞ്ഞു, ഇന്ദിരയെന്ന ഭാരതത്തിന്റെ പ്രിയപുത്രി നിശബ്ദയായി, ഇതള്‍ അടര്‍ന്ന റോസാ പുഷ്പം പോലെ വീണു എന്നൊക്കെ സ്വന്തം ലേഖകന്മാര്‍ വെച്ച് കാച്ചുന്ന യുഗമായിരുന്നു 1980 കാലഘട്ടം. ഈ കാലത്താണ് സുകുമാരക്കുറുപ്പ് എന്ന ബുദ്ധിരാക്ഷസന്‍ ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. പിന്നെ സുകുമാരക്കുറുപ്പിനെ ഭീകര കൊലയാളിയായി കവലകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍, ഷാപ്പില്‍, വീടുകളില്‍ ഒക്കെ ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്യപ്പെടുമായിരുന്നു. അന്ന് സുകുമാരന്‍ എന്നോ കുറുപ്പ് എന്നോ പേരുള്ളവരുടെ കഷ്ടകാലം ആയിരുന്നു’.
‘മൂന്ന് ദശബ്ദത്തോളം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നു സുകുമാരക്കുറുപ്പ് ഒരു പൊട്ടന്‍ ആയിരുന്നു. ഇതിനേക്കാള്‍ ക്രൂരമായ കൊലപാതകം പട്ടാപ്പകല്‍ നടത്തിയവര്‍ സര്‍ക്കാരിന്റെ ബഹുമതികള്‍ ഏറ്റുവാങ്ങുന്ന കാഴ്ചകള്‍ നമ്മള്‍ ദിവസേന കാണുന്നു. പുള്ളിയെ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഏതെങ്കിലും ലോക്കല്‍ രാഷ്ട്രീയക്കാരന് ചില്ലറ കൊടുത്തു തീര്‍ക്കാമായിരുന്ന സിമ്പിള്‍ സ്‌ട്രേറ്റേജി പോലും അറിയാത്ത ഊള ക്രിമിനല്‍’.
‘പുള്ളിയുടെ കൈയില്‍ അക്കാലത്ത് ലക്ഷക്കണക്കിന് (അന്ന് കോടികള്‍ എത്തിയിട്ടില്ല ) ഉണ്ടായിരുന്നു. എന്നിട്ടും അതില്‍ കുറച്ചായിരങ്ങളില്‍ ഒതുങ്ങുമായിരുന്ന കവര്‍ അപ്പ് ഓപ്പറേഷന്‍ ശ്രമിക്കാതെ പുള്ളി ഒളിവില്‍ പോയി മൊത്തത്തില്‍ കുളമാക്കി പിടികിട്ടാത്ത അതിബുദ്ധിമാനായ കൊലയാളി ആയി മാറാന്‍ തീരുമാനിച്ചു’.
‘ആ ക്രൈം ഇപ്പോള്‍ ആയിരുന്നു എങ്കിലെന്ന് ഞാന്‍ ഒരു റീമേക്ക് നടത്തി നോക്കി. സുകുമാരക്കുറുപ്പ് രണ്ടാമനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിക്കുന്നു, പുള്ളി ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകുന്നു. പോലീസ് കൂടുതല്‍ തെളിവുകള്‍ കിട്ടുന്നത് വരെയും അറസ്റ്റ് നീട്ടി വെയ്ക്കുന്നു, കത്തിയ കാറിന്റെ അവശിഷ്ടം, ചെരുപ്പ് എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ തീരുമാനം എടുക്കുന്നു, കുറുപ്പ് ദി സെക്കന്റ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കൊടുക്കുന്നു’.
‘കോടതി പോലീസിനോട് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു, പ്രോസിക്യൂട്ടര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല, റിപ്പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസം കോടതിയെ അറിയിക്കുന്നു. റിപ്പോര്‍ട്ട് കിട്ടുന്നത് വരെയും കുറുപ്പിനെ അറസ്റ്റ് ചെയ്യരുത് എന്ന് വാക്കാല്‍ പരാമര്‍ശം നടത്തി കേസ് മൂന്ന് മാസത്തെ അവധിക്ക് വെയ്ക്കുന്നു. മൂന്ന് മാസം കഴിയുമ്പോള്‍ ഫോറന്‍സിക് ലാബിന് കതെഴുതിയെങ്കിലും റിപ്പോര്‍ട്ട് വൈകാന്‍ ഇടയുണ്ട് എന്ന മറുപടി കിട്ടിയ കാര്യം അറിയിക്കുന്നു’.
‘കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ ലാബില്‍ നിന്ന് ഇതൊക്കെ കാണാതായ വാര്‍ത്ത പത്രങ്ങളില്‍ വരുമ്പോള്‍ കുറുപ്പ് രണ്ടാമന്‍ ദുഫായില്‍ ഇരുന്നു ചിരിക്കുന്നു. സത്യത്തില്‍ കുറുപ്പ് ഫസ്റ്റ് ഒരു ഷാജി പാപ്പന്‍ മോഡല്‍ ആയിരുന്നു. ഒന്നോ രണ്ടോ ലക്ഷം മുടക്കിയാല്‍ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ പെറ്റി idiotic criminal.കുറച്ചു വക്കീല്‍ സെറ്റ് വിചാരിച്ചാല്‍ പുഷ്പം പോലെ ഊരി എടുക്കാമായിരുന്ന കേസ് മാന്തി പുണ്ണാക്കി നാട് വിട്ട് അലഞ്ഞു നടന്ന ‘ബുദ്ധി രാക്ഷസന്‍.’
‘ദൃശ്യം 2 പോലെ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ‘കുറുപ്പ് ദി സെക്കന്‍ഡ് ‘സില്‍മാക്ക് ശ്രമിക്കണം എന്നാണ് എന്റെ ഒരിത്. തിരക്കഥക്കുള്ള ത്രെഡ് & ട്വിസ്റ്റ് ഒരു foster പേ ചര്‍ച്ചയില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എസ് എന്‍ സ്വാമി പോലെ വെള്ളിത്തിരയില്‍ കഥ,തിരക്കഥ, സംഭാഷണം ബൈജു സ്വാമി എന്ന് കാണുമ്പോള്‍ ഞാന്‍ സ്വയം എഴുന്നേറ്റ് നിന്ന് എന്നെതന്നെ ബഹുമാനിച്ചോളാമെന്നേ’.
Post Your Comments