ഡെറാഡൂണ്‍: മീന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് നാലുപേര്‍ ചേര്‍ന്ന് മീന്‍ വില്‍പനക്കാരനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിൽ നടന്ന സംഭവത്തിൽ മീൻ വിൽപ്പനക്കാരനായ ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കണ്ണുകള്‍ സ്റ്റീല്‍ വടി ഉപയോഗിച്ച് ചൂഴ്ന്നെടുക്കുകയും പിന്നീട് ഇരുനില വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ എട്ട് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീന്‍ വില്‍പനക്കാരന്‍ പിന്നീട് മരിച്ചു. നവംബര്‍ രണ്ടിന് രാത്രി ഏഴ് മണിയോടെ നാട്ടുകാരായ നാലുപേര്‍ മത്സ്യം വാങ്ങാനായി നൈനിറ്റാളിലെ ടോക് നര്‍ത്തോള ഗ്രാമത്തിലെ ഇയാളുടെ കടയില്‍ എത്തിയിരുന്നു. എന്നാല്‍ മീന്‍ വാങ്ങിയ ശേഷം പണം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.
തുടർന്ന് ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ശേഷം നാലുപേരും ചേര്‍ന്ന് ഭഗ്വാന്‍ സിങിനെ ക്രൂരമായി മര്‍ദിക്കുകയും സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലേക്ക് വലിച്ചിഴച്ച് കയറ്റിയ ശേഷം താഴേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭഗ്വാന്‍ സിങ് ബുധനാഴ്ചയാണ് മരിച്ചത്. കൊല്ലപ്പെട്ട ഭഗ്വാന്റെ അമ്മാവന്‍ ഗണേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൗശല്‍ സിങ്, സുനില്‍ ജോഷി, ഭൂപാല്‍ സിങ്, ചഞ്ചല്‍ സിങ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments