
മഞ്ചേരി: മലപ്പുറം വള്ളിക്കാപ്പറ്റയിൽ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പോക്സോ സ്പെഷല്‍ കോടതിയിലാണ് കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ കാമുകനായ ചെർപ്പുളശേരി സ്വദേശി ചിറക്കിൽ വീട്ടിൽ വിനീഷാണ് (31) കോടതിയിൽ കീഴടങ്ങിയത്.
2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30കാരിയെ കഴിഞ്ഞ മാസം 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്.
Read Also : ആശുപത്രിയിൽ പരിചരിക്കാനെത്തിയ ഹോംനഴ്സ് പണവും സ്വർണവുമായി മുങ്ങി
ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡും വനിത പൊലീസും പ്രതിയെ കണ്ടെത്താൻ സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. കുന്നംകുളത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒളിച്ചു താമസിക്കാൻ സഹായിച്ച ആളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഒളിച്ചു താമസിക്കാൻ സാധ്യതയുള്ള നിരവധി വീടുകളിൽ പൊലീസ് പരിശോധനയും നടത്തി. ഇതിനിടയിലാണ് വെള്ളിയാഴ്ച കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments