കട്ടപ്പന: ഉപ്പുതറയിൽ മൂന്നു വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് ചെറുപ്പാലൂർ മൺവിള സ്വദേശി ഹിലോറീസ് കോട്ടേജിൽ ടി. രാജേന്ദ്ര ദാസിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്.
വളകോട് കേന്ദ്രീകരിച്ച് 3 വർഷമായി ചികിത്സ നടത്തുകയായിരുന്നു ഇയാൾ. ഡോക്ടർ ചമഞ്ഞ് അലോപ്പതി, ആയുർവേദ, സിദ്ധ ചികിത്സകളാണ് ഇയാൾ നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ഏത് വിഭാഗത്തിലെ ചികിത്സയാണോ വേണ്ടത് അത് നൽകും. ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ അലോപ്പതി മരുന്നുകൾ നൽകി ചികിത്സ നടത്തിയിരുന്നു.
Read Also : റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി: രണ്ട് ദിവസം വീട്ടുകാർ കഴിച്ചത് ഈ അരി കൊണ്ടുണ്ടാക്കിയ ചോറ്
ഇതു സംബന്ധിച്ച് വ്യാഴാഴ്ച ഉപ്പുതറ സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വളകോട്ടിൽ രണ്ടിടത്തായാണ് ഇയാൾ ചികിത്സ നടത്തിവന്നിരുന്നത്. പരിശോധനയിൽ അലോപ്പതി ഗുളികകൾ, ഓയിൽമെൻറുകൾ, സിറപ്പുകൾ, സിറിഞ്ച്, സൂചി എന്നിവ കണ്ടെത്തി. മുറിവ് തുന്നിക്കെട്ടലും കുത്തിവെപ്പുമെല്ലാം ഇവിടെ നടത്തിയിരുന്നതായി രാജേന്ദ്രദാസ് പൊലീസിനോട് സമ്മതിച്ചു. 10-ാം തരം വിദ്യാഭ്യാസയോഗ്യത മാത്രമാണ് ഇയാൾക്കുള്ളത്.
ഉപ്പുതറ എസ്എച്ച്ഒ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐ ജോസ്, സിപിഒ അഭിലാഷ്, ജോളി, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments