വണ്ടൂർ: പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്നുകളഞ്ഞ അസം സ്വദേശിയായ ജീവനക്കാരനെ കർണാടകയിലെ ചിക്കമഗലൂരിൽ പോയി പൊലീസ് പിടികൂടി. തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്ന പ്രതി 43,400 രൂപയുമായിട്ടാണ് മുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസമിലെ മർഗോൺ ജില്ലക്കാരനായ മിർജാനുറഹ്മാൻ (35) പിടിയിലായത്.
അഞ്ച് മാസത്തോളമായി ഇയാൾ പെട്രോൾ പമ്പിൽ ജോലി ചെയ്തു വരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രി ഏഴോടെയാണ് ഇയാൾ കലക്ഷൻ ബാഗിൽ നിന്ന് പണമെടുത്ത് മുങ്ങിയത്. തുടർന്ന് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് പാലക്കാട് വഴി ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Read Also : ദമ്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ
പമ്പുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പ്രതി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വിവരം ലഭിച്ചു. തുടർന്ന് യാത്രാമധ്യേ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും സീറ്റ് നമ്പർ മാറിയിരുന്നതിനാൽ പിടികൂടാനായില്ല. പിന്നീട് പ്രതിയുടെ നമ്പറിലേക്ക് സ്ഥിരമായി വന്ന ഒരു യുവതിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടകൂടാനായത്.
കർണാടകയിലെ ചിക്കമഗലൂരുവിലെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സി.ഐ ഇ. ഗോപകുമാർ, എസ്.ഐ പി. രവി, എസ്.പി.ഒമാരായ ഇ.കെ. ഷാജഹാൻ, കെ.ജി. അനൂപ് കുമാർ, കെ. ഉണ്ണികൃഷ്ണൻ, പി. രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments