KeralaLatest NewsNewsPen VishayamWriters' Corner

വിവാഹമോചനം നേടിയ ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം, അത് തെറ്റല്ല പ്രിവിലേജ്: ഡ‍ോ. ആസാദ്

അനുപമയുടെ ജീവിതപങ്കാളിയായ അജിത്തിനെപ്പറ്റി ആര്‍ക്കും എന്തും പറയാമെന്ന ഒരു ധാരണയുണ്ട്

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവത്തിൽ കുഞ്ഞിനെ തിരികെ കിട്ടുന്നതിനായി അനുപമയും അജിത്തും സമരവുമായി രംഗത്ത്. ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് പിന്തുണയുമായി ഡ‍ോ. ആസാദ്. നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്ന് ആസാദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നു.

സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താത്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതല്‍ ന്യായീകരണ കാലാള്‍വരെ ഒരേ ലക്ഷ്യത്തോടെ അവര്‍ക്കു മേല്‍ ചാടി വീഴുന്നുവെന്നും അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണമെന്നും ആസാദ് കുറിപ്പില്‍ പറയുന്നു.

read also: പുതിയ വിദ്യാഭ്യാസ നയത്തില്‍ രാഷ്ട്ര ഭാഷയ്ക്കും മാതൃഭാഷയ്ക്കും ഒരു പോലെ പ്രാധാന്യം : അമിത് ഷാ

കുറിപ്പിന്റെ പൂര്‍ണ രൂപം

അനുപമയുടെ ജീവിതപങ്കാളിയായ അജിത്തിനെപ്പറ്റി ആര്‍ക്കും എന്തും പറയാമെന്ന ഒരു ധാരണയുണ്ട്. അയാള്‍ തൊഴിലാളിയോ പ്രാന്തവല്‍കൃതനോ അസ്പൃശ്യനോ ആണ് പലര്‍ക്കും. അയാള്‍ക്ക് നേരത്തേതന്നെ കുട്ടികളെ ചാര്‍ത്തിക്കൊടുക്കാന്‍ തുടങ്ങിയവരെ സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. ഒരു ഭാര്യയെ വിവാഹമോചനം നടത്തി അവരെ സങ്കടത്തിലാഴ്ത്തിയെന്ന് മനുഷ്യസ്നേഹപരമായ കരച്ചിലുകളും കേട്ടിരുന്നു. ‘വിത്തുകാള’യെന്നും മറ്റും അധിക്ഷേപിക്കുന്ന അധമ പരാമര്‍ശങ്ങളും കണ്ടു. ഗംഭീരമാണ് കേരളത്തിന്റെ നവോത്ഥാന പാരമ്ബര്യം! അത് അടിസ്ഥാന സമുദായത്തോട് പകപോക്കുകയാണ്!

ഒരു ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച (വിവാഹമോചനം നേടിയ) ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം. അത് തെറ്റല്ല. കാരണം അയാള്‍ക്ക് പ്രിവിലേജുണ്ട്. മേല്‍പറഞ്ഞ പരാതികളോ പരാമര്‍ശങ്ങളോ ആക്ഷേപങ്ങളോ അയാള്‍ക്കുമേല്‍ വരില്ല. അയാള്‍ വര്‍ഗസുരക്ഷ അനുഭവിക്കുന്നുണ്ട്. എം എല്‍ എമാരില്‍ ചിലരും ആക്ഷേപത്തിന് ഇരയാവാത്തത് അവരുടെ മേല്‍ത്തട്ട് സുരക്ഷകൊണ്ടാവണം. അജിത് പാവമൊരു ‘അധകൃത’നായിപ്പോയി!

മധ്യവര്‍ഗ ഉപരിവര്‍ഗ ജീവിതങ്ങളില്‍ എന്തുമാവാം! എത്രയോ പെണ്‍കുട്ടികളുടെ പരാതികള്‍ എങ്ങനെ രാഷ്ട്രീയ മേലാളര്‍ തീര്‍പ്പാക്കിയെന്ന് നാം കണ്ടതാണ്. എത്ര നേതാക്കള്‍തന്നെ ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികളെ സ്നേഹിച്ചു വിവാഹം ചെയ്തിട്ടുണ്ട്! ആദ്യവിവാഹമല്ലാതെ, അതു നിലനില്‍ക്കുമ്ബോള്‍ മറ്റു ബന്ധങ്ങളില്‍ കുട്ടികളുണ്ടായവരുടെ കഥകള്‍ നമുക്ക് അപരിചിതമാണോ? (അതൊക്കെ ഇങ്ങനെ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? അവരുടെ കുട്ടികള്‍ ഇങ്ങനെ തട്ടിയെടുക്കപ്പെട്ടിട്ടുണ്ടോ?) കലാ സാഹിത്യരംഗത്തും അത്തരം അനുഭവങ്ങളില്ലേ? അവിടെയൊക്കെ വീട്ടുകാരുണ്ടായിരുന്നു. അവരുടെ വേദനകളെപ്പറ്റി ‘നവോത്ഥാന രാഷ്ട്രീയം’ മിഴിനീര്‍ വാര്‍ക്കുന്നതു കണ്ടിട്ടേയില്ല.

അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ ജാതിഹിന്ദുത്വ ഫാഷിസം തന്നെയാണ് തേര്‍വാഴ്ച്ച നടത്തുന്നത്. നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളം. സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താല്‍പ്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതല്‍ ന്യായീകരണ കാലാള്‍വരെ ഒരേ ലക്ഷ്യത്തോടെ അവര്‍ക്കു മേല്‍ ചാടി വീഴുന്നു. ഈ ഹിംസ നിസ്സംഗമായി നോക്കിക്കാണാന്‍ ഒരു മനുഷ്യസ്നേഹിക്കും സാദ്ധ്യമല്ല.

അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണം. അഭിവാദ്യം, ഐക്യദാര്‍ഢ്യം.
ആസാദ്
13 നവംബര്‍ 2021

shortlink

Related Articles

Post Your Comments

Related Articles


Back to top button