ആലുവ: മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലമാണ് (26) പിടിയിലായത്.
മയക്കുമരുന്ന് ലഹരിക്കടിമയായ ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. മാത്രമല്ല അമ്മയെ പതിവായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ട് രണ്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Read Also: കണ്ണൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പരാതി
വ്യത്യസ്ത സാഹചര്യത്തിൽ മദ്യലഹരിയിൽ മാതാവിനെയും സഹോദരനെയും മാതൃസഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിലായി. വക്കം വടക്കേവിള പാട്ട് വിളാകം ശ്രീ വിനായകത്തിൽ വിജയനെയാണ് (41) പൊലീസ് പിടികൂടിയത്. പെറ്റീഷൻ അന്വേഷിച്ചുപോയ എസ്.ഐയെയും പൊലീസുകാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ് വിജയൻ. ഇന്നലെ രാത്രി രണ്ടരയോടെ ആയിരുന്നു കേസിനു ആസ്പദമായ സംഭവം.
മദ്യപിച്ചെത്തിയ വിജയൻ അവിടെയുണ്ടായിരുന്ന സഹോദരനെയും അമ്മയെയും മാതൃസഹോദരിയെയും വെട്ടുകയായിരുന്നു. മണ്ണാത്തിമൂലയിലെ ബന്ധുവീട്ടിൽ വെച്ചാണ് സംഭവമുണ്ടാകുന്നത്. ഇരുവരെയും ആക്രമിച്ച വടിവാളും പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . പ്രതിക്കെതിരെ വധശ്രമത്തിനടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു എസ്, കെ.എ. നസറുദ്ദീൻ, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments