ദുബായ്: ഒരു ബൗളർ എന്ന നിലയിലും ഫീൽഡർ എന്ന നിലയിലും പാകിസ്ഥാൻ താരം ഹസൻ അലി മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരുന്നിരിക്കണം ഓസ്ട്രേലിയക്കെതിരായ ട്വെന്റി 20 ലോകകപ്പ് സെമി ഫൈനൽ. ആദ്യം ഹസൻ അലിയെ ഓസീസ് ബാറ്റ്സ്മാന്മാർ നിർദയം പ്രഹരിച്ചു. പിന്നീട് മത്സരത്തിന്റെ ഗതിമാറ്റിമറിക്കാൻ ശേഷിയുള്ള മാത്യു വെയ്ഡിന്റെ അനായാസ ക്യാച്ച് 19അം ഓവറിൽ നിലത്തിട്ടു.
Also Read:കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മത്സരം പാകിസ്ഥാൻ 5 വിക്കറ്റിന് തോറ്റതോടെ ഹസൻ അലി സാമൂഹിക മാധ്യമങ്ങളിൽ ട്രോളന്മാരുടെ ഇരയായി. പാകിസ്ഥാന് ഫൈനലിൽ അവസരം നഷ്ടപ്പെടുത്തിയ ആൾ എന്ന പേരിൽ പാക് ആരാധകരിലെ ഒരു വിഭാഗം ഹസൻ അലിക്ക് നേരെ തിരിഞ്ഞു.
ഷദബ് ഖാനും ഷഹീൻ അഫ്രീഡിയും മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഹസൻ അലി തന്റെ നാലോവറിൽ വിക്കറ്റൊന്നും നേടാതെ 44 റൺസും വിട്ട് കൊടുത്തു. മത്സരത്തിൽ ഓസീസ് ബാറ്റ്സ്മാന്മാർ അക്ഷരാർത്ഥത്തിൽ ഹസൻ അലിയെ മുതലാക്കി.
ബൗളിംഗിലെ പിഴവ് മറികടക്കാൻ ഹസൻ അലിക്ക് 19ആം ഓവറിൽ സുവർണ്ണാവസരം ലഭിച്ചു. മാത്യു വെയ്ഡ് ഉയർത്തി അടിച്ച പന്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിൽ ഹസന്റെ നേർക്ക് പൊങ്ങി. എന്നാൽ ക്യാച്ച് കൃത്യമായി മനസ്സിലാക്കാതിരുന്ന ഹസന്റെ കൈകൾ ചോർന്നു.
ഹസൻ നഷ്ടപ്പെടുത്തിയ ക്യാച്ച് മത്സരത്തിൽ നിർണ്ണായകമായി. ഷഹീൻ എറിഞ്ഞ ഓവറിലെ അവശേഷിക്കുന്ന മൂന്ന് പന്തുകളും സിക്സർ പായിച്ച് മാത്യു വെയ്ഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. ഹസൻ നഷ്ടപ്പെടുത്തിയ ക്യാച്ചിനൊപ്പം പാകിസ്ഥാന്റെ കിരീട മോഹങ്ങളും നിലത്ത് വീണുടഞ്ഞതോടെ രോഷാകുലരായ പാക് ആരാധകർ ഹസന് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടു.
കുടുംബത്തെയും ഭാര്യയെയും വരെ അവഹേളിക്കുന്ന ട്രോളുകൾ കൊണ്ട് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് നിറഞ്ഞു. എന്നാൽ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ഹസൻ അലിയെ കുറ്റപ്പെടുത്തിയ പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസം പിന്നീട് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ക്രിക്കറ്റിൽ ഇതൊക്കെ സർവ്വസാധാരണമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Post Your Comments