ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ ഇത് 63.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും കാപ്പ വകഭേദത്തിനെതിരെ 90.1 ശതമാനവുമാണ് കൊവാക്സിന്റെ ഫലപ്രാപ്തിയെന്ന് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു.
കൊവാക്സിന് പാർശ്വഫലങ്ങൾ സമാനമായ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവാക്സിന് സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് വാക്സിന്റെ നിർമ്മാണവും സംഭരണവുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം ഘട്ട പരിശോധനയിൽ ചില കൊവിഡ് വകഭേദങ്ങൾക്കെതിരെ ഫൈസർ വാക്സിനെയും ആസ്ട്രാ സെനക വാക്സിനെയും അപേക്ഷിച്ച് കൊവാക്സിൻ കൂടുതൽ ഫലപ്രദമാണെന്നും പഠനം തെളിയിക്കുന്നു.
ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ കൊവാക്സിൻ വളരെയേറെ ഫലപ്രദമാണ്. ഇത് രോഗവ്യാപനം ചെറുക്കാൻ അങ്ങേയറ്റം ഗുണകരമാണ്. ചെലവ് കുറഞ്ഞ വാക്സിനായതിനാൽ കൊവാക്സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും കൊവിഡ് വ്യാപനം കുറയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽസിൽ ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ച ഒരേയൊരു വാക്സിനാണ് കൊവാക്സിൻ. ലാൻസെറ്റിന്റെ കണ്ടെത്തലുകൾ ആഗോള രംഗത്ത് കൊവാക്സിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെടുന്നു. ലാൻസെറ്റിന്റെ കണ്ടെത്തലുകളെ ഐ സി എം ആറും ശ്രദ്ധയോടെ പരിഗണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്റെ കരുത്താണ് കൊവാക്സിൻ പ്രകടിപ്പിക്കുന്നതെന്ന് ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 25,800 പേരിൽ നടത്തിയ പഠനഫലമാണ് ലാൻസെറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments