ദുബായ്: കാലാവസ്ഥ അനുകൂലമായതോടെ യുഎഇയിലെ മലവനിരകളിൽ സാഹസിക വിനോദങ്ങൾക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. ഹൈക്കിങ്, ട്രക്കിങ്, ക്ലൈംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായാണ് മലനിരകളിലേക്ക് സഞ്ചാരികളെത്തുന്നത്. വിവിധ മേഖലകളിൽ ചെറുതും വലുതുമായ സംഘങ്ങൾ ഇത്തരത്തിലെത്തുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിലെത്തുന്നുണ്ട്.
ദുബായ് ഹത്ത, ഫുജൈറ, ഷാർജ മലീഹ, ഖോർഫക്കാൻ, ദിബ്ബ, അൽഐൻ, ഒമാനിലേക്കും വ്യാപിച്ചുകിടക്കുന്ന അൽ ഹജ്ർ മലനിരകൾ, എന്നിവയാണ് യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ. ഒക്ടോബർ പകുതി മുതൽ മാർച്ച് അവസാനം വരെയാണ് സീസൺ. എന്നാൽ വേനൽക്കാലത്തും സാഹസിക വിനോദങ്ങൾക്കായി എത്തുന്നുവരുണ്ട്. അതേസമയം മലനിരകളിലൂടെയുള്ള സാഹസിക യാത്രകൾക്ക് കായികക്ഷമതയും പരിശീലനവും ആവശ്യമാണ്. വിദഗ്ധ പരിശീലനം നേടിയവരും മേഖലയെക്കുറിച്ച് നന്നായി അറിയാവുന്നതും കൂടെയുണ്ടാകണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
കാലാവസ്ഥ അനുകൂലമല്ലെങ്കിൽ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഒപ്പമുള്ളവർക്ക് അപകടമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൂടെയുള്ളവർക്ക് അറിവുണ്ടാകണം. പ്രാഥമിക ശുശ്രൂഷ നൽകുകയും റെസ്‌ക്യൂ വിഭാഗത്തെ വിവരമറിയിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളെ മനസ്സാന്നിധ്യത്തോടെ നേരിടണമെന്നും അധികൃതർ അറിയിച്ചു.
Post Your Comments