ജോജു ജോർജിന് നേരെയുള്ള പ്രതിഷേധത്തിന്റെ ഫലമായി വിവിധ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ പ്രവർത്തകരെ അവരുടെ ഷൂട്ടിംഗ് സെറ്റിൽ ചെന്ന് ആക്രമിക്കുന്നത് ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണെന്നും ഒരു വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറയുന്നു. ജനാധിപത്യത്തിൻ്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണെന്നും ആദ്ദേഹം പരിഹസിച്ചു.
‘എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിർത്തിയ ചരിത്രമാണ് ഈ നാടിൻ്റേത്. അതിനാൽ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവും. കർക്കശമായ നടപടികൾ സ്വീകരിക്കും. കേരളത്തിൻ്റെ ജനാധിപത്യമൂല്യങ്ങൾ തച്ചുടയ്ക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല’, മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments