കൊല്ലം: 2017 ജൂലൈയിൽ പതിനാറുകാരിയുടെ മരണവാർത്ത കേട്ടാണ് പുനലൂർ നിവാസികൾ ഉണർന്നത്. സ്വന്തം മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള റിൻസി ബിജുവിനെ പിറ്റേന്ന് കാണുന്നത് കൊല്ലപ്പെട്ട നിലയിൽ. നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു അത്. റിന്‍സി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം കരുതിയത്. കഴുത്തിൽ കയർ മുറുക്കിയ പാടുണ്ടായിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ അന്വേഷണം മറ്റൊരു വഴിക്കായി.
പുനലൂർ പൊലീസും പിന്നീട് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം പിതാവിലേക്കും നീണ്ടു. കേസിനു തുമ്പൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസ് അന്വേഷിച്ച കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജി ജോൺസൺ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ എസ് മഹേഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്‌കുമാർ, സിപിഒ സൈജു എന്നിവർ ഡിജിപിയുടെ 2018ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള ബാഡജ് ഓഫ് ഓണറിന് അർഹരായി. പ്രതിയായ സുനിൽകുമാറിന് ജീവപര്യന്തം കൂടാതെ 43 വർഷം കൂടുതൽ തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷനേടിക്കൊടുത്തതിനാണ് ഇവർക്ക് അവാർഡ് ലഭിച്ചത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പിതാവ് ബിജു രംഗത്ത് വന്നിരുന്നു.
Also Read:ഹജ്ജാബയെന്ന ഓറഞ്ച് വില്പനക്കാരൻ കണ്ട സ്വപ്നമാണ് ഗ്രാമത്തിൽ ഒരു സ്കൂൾ, തേടിയെത്തിയത് പത്മപുരസ്‌കാരം
പ്ലസ് വൺ വിദ്യാർഥിയായിരുന്ന റിൻസിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി സുനിൽകുമാർ പീഡിപ്പിക്കുകയും തുടർന്ന് ഒച്ചവയ്ക്കാതിരിക്കാൻ കയർ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം റിൻസിയുടെ കഴുത്തിൽകിടന്ന സ്വർണമാല കവർന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. സുനിൽ കുമാറിന് റിൻസിയുടെ വീടിനു പിൻവശത്തായി കുറച്ച് സ്ഥലമുണ്ട്. ഇവിടേക്ക് ഇയാൾ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഡി.എൻ.എ ചെയ്യാനുള്ള സാമ്പിളുകൾ ഇയാളിൽ നിന്നും ശേഖരിച്ച പോലീസ് റിൻസിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ സാമ്പിളുമായി ഒത്തുപോകുമോയെന്ന് പരിശോധിച്ചു. ഇത് തെളിഞ്ഞതോടെ സുനിൽകുമാറിന്റെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments