ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മല്‍സരിക്കുമെന്ന് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല എന്റെ ലക്ഷ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തലാണ്. അതുകൊണ്ട് യോഗി ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും അവിടെ ഞാന്‍ എതിര്‍ സ്ഥാനാര്‍ഥിയാകുമെന്നും ആസാദ് പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍ പ്രദേശ് നിമയസഭാ തിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയില്‍ നടന്നേക്കുമെന്നാണ് കരുതുന്നത്. യോഗിക്കെതിരെ മല്‍സരിക്കുമെന്ന ആസാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 പോലെയാകുമോ എന്ന ചോദ്യവുമായി പ്രാദേശിക ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. വാരണാസി മണ്ഡലത്തില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന് 2019ല്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിന്‍മാറുകയാണ് ചെയ്തത്. ഇതിന് കാരണമുണ്ടെന്ന് ആസാദ് പറയുന്നു.
അന്ന് എനിക്ക് ഒരു പാര്‍ട്ടിയുണ്ടായിരുന്നില്ല. മല്‍സരിക്കേണ്ടെന്നും ബിഎസ്പിയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും മായാവതി പറഞ്ഞതുകൊണ്ടാണ് പിന്‍മാറിയത് എന്ന് ആസാദ് വിശദീകരിക്കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍ പ്രദേശില്‍ ദളിതുകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു എന്നാണ് ആസാദിന്റെ ആരോപണം. 36കാരനായ ആസാദ് രൂപീകരിച്ച സംഘടനയാണ് ഭീം ആര്‍മി. ദളിത് സമൂഹത്തിന്റെ മുന്നേറ്റമാണ് ലക്ഷ്യം.
എന്നാല്‍ രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ആസാദ് സമാജ് പാര്‍ട്ടി രൂപീകരിച്ചത്. ഈ പാര്‍ട്ടിയുടെ ബാനറിലാണ് അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മല്‍സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ലോക്സഭാ അംഗമായിരുന്നു. ബിജെപി മികച്ച ഭൂരിപക്ഷം നേടിയ ശേഷം എംപി പദവി രാജിവച്ച് നിയമസഭാ കൗണ്‍സില്‍ വഴി നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു.
Post Your Comments