കഴക്കൂട്ടം: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുകാരനായ മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിതയുടെ നില ഗുരുതരമായി തുടരുകയാണ്.
കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
Read Also : കോട്ടയത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം : രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്. കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ തന്നെ മരണപ്പെട്ടിരുന്നു.
വ്യത്യസ്ത സാഹചര്യത്തിൽ തിരുവങ്ങൂരിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുണ്ടുപറമ്പ് കക്കാട്ടുവയൽ അജീഷ് (36) ആണ് മരിച്ചത്. അപകടം നടന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. തിരുവങ്ങൂർ അണ്ടിക്കമ്പനിക്കു സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാല മുരുക ബസാണ് ബൈക്കിൽ ഇടിച്ചത്.
അതേസമയം അപകടമുണ്ടായതിന് പിന്നാലെ പ്രദേശത്ത് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. തുടർന്ന് പൊലീസും അഗ്നിസുരക്ഷസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റി ഗതാഗതകുരുക്ക് മാറ്റിയത്. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments