തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ് നിയമസഭയില്‍ എത്തിയത് സൈക്കിളില്‍. സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതിഷേധം. കോണ്‍ഗ്രസ് നടത്തുന്ന ചക്ര സ്തംഭന സമരത്തിന് പിന്തുണ അറിയിച്ചാണ് എംഎല്‍എ നിയസഭയിലേക്ക് സൈക്കിളില്‍ എത്തിയത്.
ഇന്ധനവില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം ഇന്ന് തലസ്ഥാനത്ത് നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിമുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ആംബുലന്‍സിനും പൊതുജനങ്ങള്‍ക്കും കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും സ്‌പെന്‍സര്‍ ജംഗ്ഷന്‍ വരെ തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം നിയോജകമണ്ഡലങ്ങളിലെയും സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ പാളയം യുദ്ധ സ്മാരകം വരെ നേമം, നെയ്യാറ്റിന്‍കര നിയോജകമണ്ഡലങ്ങളിലെയും യുദ്ധസ്മാരകം മുതല്‍ മ്യൂസിയം വരെ കഴക്കൂട്ടം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ നിയോജകമണ്ഡലങ്ങളിലെയും മ്യൂസിയം മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന് മുന്‍വശം വരെ വട്ടിയൂര്‍ക്കാവ്, വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജകമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.
Post Your Comments