
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കി കൊണ്ട് കേരളം ഉത്തരവിറക്കിയത് വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും അറിഞ്ഞു കൊണ്ടെടുത്തതാണ് തീരുമാനമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍ ഉത്തരവിറക്കിയത് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിഞ്ഞിട്ടില്ലെങ്കില്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Read Also : പാലക്കാട് ഐ.ഐ.ടി.യില്‍ ഗവേഷണം: ഒരാള്‍ക്ക് പരമാവധി രണ്ടു വകുപ്പുകളിലേക്ക് അപേക്ഷിക്കാം
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാട് നിലപാടിലേക്ക് സി.പി.എമ്മും കേരള സര്‍ക്കാരും എത്തിയിരിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയുമുണ്ടെന്ന് സതീശന്‍ പറഞ്ഞു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയത്. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ പുതിയ ഡാം വേണ്ടെന്ന തമിഴ്‌നാടിന്റെ തീരുമാനം കേരളം അഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും അറിയാത്ത ഉത്തരവിനെ കുറിച്ച് തമിഴ്‌നാട് അറിഞ്ഞത് വിചിത്രമാണ്. സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഉത്തരവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments