കൊച്ചി: എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി. അങ്കമാലി ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു കാറുകളിലായി ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്‍റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. രാവിലെ ഏഴുമണിക്ക് വാഹന പരിശോധന ഉണ്ടാകുമെന്ന് പ്രതികൾ പ്രതീക്ഷിച്ചില്ല. വാഹനപരിശോധന ഉണ്ടെന്ന് കണ്ടപ്പോൾ ഇവർ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ കഞ്ചാവ് വാങ്ങിയത്. ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.
Post Your Comments