മുംബൈ : കൗമാരപ്രായത്തില്‍ തന്നെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാകുകയും പ്രതിസന്ധിയിൽ ജീവിതം തളരാതെ, വിജയം നേടിയെടുക്കുകയും ചെയ്ത പൂർണ്ണിമയുടെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പതിനാറാം വയസ്സില്‍ ഗർഭിണി ആണെന്നു അറിഞ്ഞ ദിവസം ഭർത്താവിന്റെ മരണം സംഭവിച്ചതും തുടര്‍ന്നുണ്ടായ മാനസിക സമ്മർദ്ദവും പിന്നീട് ഉണ്ടായ പ്രണയവിവാഹം ഗാര്‍ഹിക പീഡനത്തിലേക്ക് നയിച്ചതുമെല്ലാം പങ്കുവെക്കുകയാണ് പൂര്‍ണിമ.
ഇരുപത്തി മൂന്നു വര്‍ഷത്തിനുശേഷമാണ് തനിക്ക് ഭര്‍ത്താവിന്‍െ പീഡനങ്ങളില്‍ നിന്ന് പുറത്തുകടക്കണമെന്ന തോന്നല്‍ ഉണ്ടായതെന്നും ഇന്നു മക്കള്‍ക്കൊപ്പം പുതിയ ജീവിതം നയിക്കുകയാണ് താനെന്നും മഹാരാഷ്ട്ര സ്വദേശിയായ പൂര്‍ണിമ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പൂര്‍ണിമയുടെ കുറിപ്പ് ഇങ്ങനെ…
പതിനാറാം വയസ്സിലാണ് ഞാന്‍ സിംഗിള്‍ മദറാകുന്നത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. പക്ഷേ മകന്‍ മരിച്ചതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവനെ അവര്‍ക്കൊപ്പം കൊണ്ടുപോയി.
സ്വാധീനമുള്ള കുടുംബമായിരുന്നു അവരുടേത്. എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എനിക്കവനെയൊന്ന് ചേര്‍ത്തുപിടിക്കാന്‍ പോലും കഴിഞ്ഞില്ല. ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെയായിരുന്നു ഞാന്‍.
മാതാപിതാക്കള്‍ എന്നെ വീട്ടിലെത്തിച്ചെങ്കിലും ഞാന്‍ വിഷാദത്തിലേക്ക് വഴുതിവീണു. എന്റെ അവസ്ഥ കണ്ടതോടെ മാതാപിതാക്കള്‍ പ്ലസ്ടുവില്‍ ചേര്‍ത്തു, അവിടെ വച്ചാണ് ഞാന്‍ സഞ്ജിവിനെ കണ്ടുമുട്ടുന്നത്.
സഞ്ജിവ് നേരത്തേയും എന്നെ പ്രൊപോസ് ചെയ്തിരുന്നു, പക്ഷേ അപ്പോഴേക്കും എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും കുഞ്ഞിനെ നേടിയെടുക്കുമെന്നും എന്നെ വിശ്വസിപ്പിച്ചു. അതോടെ ഞാന്‍ അവനോട് സമ്മതം മൂളി.
പതിനെട്ടാം വയസ്സില്‍ ഞാന്‍ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു. പക്ഷേ ആദ്യരാത്രി തന്നെ സഞ്ജിവ് എന്നെ മര്‍ദിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്തു.
തുടര്‍ന്നങ്ങോട്ട് ദിവസവും എന്നെ ഉപദ്രവിക്കുമായിരുന്നു. സഞ്ജിവിന്റെ കുടുംബം പോലും എന്നോട് മോശമായാണ് പെരുമാറിയത്. ഭക്ഷണം പോലും മര്യാദയ്ക്ക് ലഭിച്ചിരുന്നില്ല, അവര്‍ ബാക്കിവച്ചിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്.
അവിടെ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ മറ്റൊരു പരാജയ വിവാഹബന്ധം ഇനി വേണ്ടെന്ന് കരുതിയിരുന്നു. മൂന്നുമാസം കഴിഞ്ഞതോടെ ഞാന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും അവര്‍ ഉപദ്രവം നിര്‍ത്തിയില്ല.
ഗര്‍ഭകാലത്തുടനീളം വെളുപ്പിനെ നാലുമണിവരെയൊക്കെ അവര്‍ എന്നെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടുണ്ട്. ഒടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ആരും എന്നെ അഭിനന്ദിക്കുകയോ മധുരം വിതരണം ചെയ്യുകയോ ഉണ്ടായില്ല. ആശുപത്രിയില്‍ നിന്ന് തനിച്ചാണ് ഞാന്‍ തിരികെയെത്തിയത്.
അവിടെ നിന്നങ്ങോട്ട് മകള്‍ ആരതി മാത്രമായി എന്റെ ജീവിതം. ആരതിക്ക് രണ്ടുവയസ്സായപ്പോള്‍ സഞ്ജിവ് അവളെ മര്‍ദിക്കുകയുണ്ടായി. പക്ഷേ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടുവര്‍ഷം കഴിഞ്ഞ് മകന്‍ പിറന്നപ്പോഴും ഇതുതന്നെ തുടര്‍ന്നു. ഇതിനിടെ കുട്ടികള്‍ എനിക്ക് വേണ്ടി നില്‍ക്കുമ്പോഴും അവരെ അയാള്‍ മര്‍ദിച്ചിരുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ ഞാന്‍ പുതിയൊരു തുടക്കമിട്ടു.
മെഹന്ദി ബിസിനസ് ആരംഭിക്കുകയും ജോലിക്കായി ശ്രമിക്കുകയും ചെയ്തു. അധ്യാപികയാവാനുള്ള ജോലിക്ക് അപേക്ഷിച്ചെങ്കിലും അപ്പോഴൊക്കെ സഞ്ജിവ് പ്രതിബന്ധവുമായി നിന്നു.
2012ല്‍ മക്കളുടെ പ്രോത്സാഹനത്തോടെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വളരെപെട്ടെന്നു തന്നെ എനിക്ക് അംഗീകാരങ്ങള്‍ ലഭിച്ചു. പക്ഷേ അവിടെയും വിടാന്‍ ആവശ്യപ്പെട്ട് സഞ്ജിവ് എത്തി.
ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതുവരെ കാണാത്തതുപോലെ എന്നെ മര്‍ദിച്ചു. വയറില്‍ ആഞ്ഞു ചവിട്ടിയതിന്റെ വേദനയില്‍ ഞാന്‍ കുഴഞ്ഞുവീണു.
അന്ന് ഞാന്‍ തീരുമാനിച്ചു, തൊഴിലിടത്തില്‍ ആത്മവിശ്വാസമുള്ള ഞാന്‍ വീട്ടിലും കരുത്തയായേ പറ്റൂ. എനിക്ക് അത്രത്തോളം മടുത്തിരുന്നു.
അങ്ങനെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ധൈര്യം വീണ്ടെടുത്ത് മക്കളെയുമായി ഇറങ്ങി. ഇടയ്‌ക്കെല്ലാം അയാള്‍ വീട്ടിലേക്ക് വരികയും ഇപ്പോഴും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് ഭയമില്ല. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
നാല്‍പത്തിയാറാം വയസ്സില്‍ ഞാനും മക്കളും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ്. മോശം വിവാഹബന്ധങ്ങളില്‍ നിന്ന് പുറത്തേക്കുവരുന്ന സ്ത്രീകളെ കോച്ച് ചെയ്യാന്‍ പരിശീലിക്കുകയാണ്.
ഇരുപത്തിമൂന്നു വര്‍ഷത്തോളം അനുഭവിച്ചതിനുശേഷമാണ് ഞാന്‍ പുറത്തേക്കുവന്നത്. എനിക്ക് അതിനുള്ള ധൈര്യം ലഭിച്ചെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയും എന്ന സന്ദേശം പകരുകയാണ് ലക്ഷ്യം.
Post Your Comments