തിരുവനന്തപുരം: മുല്ലപെരിയാറിലെ മരം വെട്ടാനുള്ള അനുമതി ഉടന്‍ റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. മന്ത്രി അറിയാതെയാണ് മരം മുറിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ‘സുപ്രീംകോടതിയുടെയും മേല്‍നോട്ട സമിതിയുടേയും അഭിപ്രായങ്ങളെ മറികടന്നാണ് അനുമതി നല്‍കിയത്.
‘ബേബി ഡാമല്ല, എര്‍ത്ത് ഡാമാണ് ശക്തിപ്പെടുത്തേണ്ടത്. തമിഴ്‌നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങി ഉദ്യോഗസ്ഥന്‍ അത് ചെയ്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കണം’- പിജെ ജോസഫ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്ന് പറഞ്ഞ് കൈ കഴുകാന്‍ ആവില്ല, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി അറിയാതെ ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്ച്ചയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്.
Read Also: കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ സുധാകരൻ
മുല്ലപെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അത്തരമൊരു വിഷയത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് 11 മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിനെ ബോധിപ്പിക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയോ, ഇറിഗേഷന്‍ വകുപ്പോ, വനം വകുപ്പോ ഇത് അറിഞ്ഞിട്ടില്ല. അത് ഗുരുതര വീഴ്ച്ചയാണ്. കൂടുതല്‍ കാര്യങ്ങള്‍ സാഹചര്യം മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു.
Post Your Comments