
ജിദ്ദ: ഒരു മാസ്‌കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്‌കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ചാണ് ഈ മാസ്‌ക് നിർമ്മിച്ചിരിക്കുന്നത്. വെള്ളയും കറുപ്പും നിറത്തിലുള്ള ഈ മാസ്‌കുകൾ റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിൽ പ്രദർശിപ്പിച്ചു.
അമേരിക്കയിലെ ലൊസാഞ്ചലസിൽ കഴിയുന്ന സമ്പന്നനാണ് മാസ്‌കിന്റെ ഉടമസ്ഥൻ. മൂന്ന് പാളികളാണ് ഈ മാസ്‌കിലുള്ളത്. മാസ്‌കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടാം പാളി എൻ 99 മാസ്‌കും മൂന്നാം പാളി ഫിൽട്ടറുമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ടെന്നതാണ് ഈ മാസ്‌കിന്റെ മറ്റൊരു പ്രത്യേകത. അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ഇവൽ ജ്വല്ലറിയാണ് മാസ്‌ക് നിർമ്മിച്ചത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവിയാണ് മാസ്‌ക് ഡിസൈൻ ചെയ്തത്. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒൻപത് മാസം കൊണ്ടാണ് മാസ്‌കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
Post Your Comments