ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞത് 53 ശതമാനം പേരാണ്. വരുന്ന ജനുവരിയോടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനമായി ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെയും വാക്‌സിനുകള്‍ക്ക് നേരത്തെ ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് പൂര്‍ണമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് തുറന്നത്. നവംബര്‍ പകുതിയോടെ എട്ടാം ക്‌ളാസ് മുതലുള്ള കുട്ടികളും സ്‌കൂളിലേക്കെത്തും.
Post Your Comments