ചവറ: യുവതിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തൻതുറ ബേക്കറി ജംക്‌ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ തുമ്പോളി സ്വദേശി ചാർലി (38) ആണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ മിനിമോൾ മേരി (28) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ മൂന്നാംതീയതി പുലർച്ചെയാണു സംഭവം.
മിനിമോളെ കിടപ്പുമുറിയിൽ നിന്നു വലിച്ചിഴച്ച പ്രതി അടുക്കളയിൽ എത്തിച്ച് കുത്തിപ്പരുക്കേൽപിക്കുകയായിരുന്നു. രക്തം വാർന്ന് കിടന്ന മിനിമോളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ചാർലി തയാറായില്ല. അവശനിലയിലായ മിനിമോൾ നിരന്തരമായി ആവശ്യപ്പെട്ടതോടെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഉറക്കത്തിലായതിനാൽ ഏഴും മൂന്നും വയസ്സുള്ള കുട്ടികൾ സംഭവം അറിഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്ന ചാർലിയെ എസ്ഐ എസ്.സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് കോട്ടയത്ത് നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
Post Your Comments