
ഗ്ലാസ്ഗോ: തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കാര്യക്ഷമമായ ഇടപെടലുകളോ സത്യസന്ധമായ നടപടികളോ രാഷ്ട്രനേതാക്കളില്‍ നിന്ന് ഉണ്ടാകില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് നേതൃത്വം നല്കി.
കെല്‍വിന്‍ ഗ്രൂവ് പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജോര്‍ജ് സ്ക്വയറിലെത്തിയപ്പോഴേക്കും ജനസാഗരമായി. വിദ്യാര്‍ഥികളും യുവാക്കളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഗ്രെറ്റ തുന്‍ബര്‍ഗ് ലോകനേതാക്കള്‍ക്കുനേരെ ആഞ്ഞടിച്ചു. ‘സി.ഒ.പി 26 പരാജയമാണ്. പി.ആര്. ചടങ്ങ് മാത്രമായി. പൊള്ളയായ വാഗ്ദാനങ്ങളും പഴുതുകളുള്ള പ്രഖ്യാപനങ്ങളും ഇനി ആവശ്യമില്ല. കാലങ്ങളായി അതാണ് കേള്‍ക്കുന്നത്’- ഗ്രെറ്റ പറഞ്ഞു.
ഉഗാണ്ടയില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക വനേസ്സ നകാടെയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ യോഗത്തില്‍ സംസാരിച്ചു. ആഗോള താപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ഉള്ള നടപടികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നതിലുള്ള പ്രതിഷേധമാണ് യുവതലമുറ പങ്കുവച്ചത്. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കൈ കെട്ടിനില്ക്കില്ലെന്ന വ്യക്തമായ സൂചനയും പ്രതിഷേധം നല്കുന്നു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. യുവാക്കള്‍ക്കൊപ്പം ക്ലാസുകള്‍ ബഹിഷ്കരിച്ച് വിദ്യാര്‍ഥികളും പ്രതിഷേധത്തിനെത്തി.
വിവിധ രാഷ്ട്രനേതാക്കളെ പ്രതീകാത്മകമായി ചങ്ങലയില്‍ ബന്ധിച്ചു. സി.ഒ.പി. 26 ഒരാഴ്ച പിന്നിടുന്ന നാളെ കാലാവസ്ഥാ നീതിക്കായി പ്രവര്‍ത്തിക്കാനുള്ള ആഗോളദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഗ്ലാസ്ഗോയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി ഇരുന്നോറോളം പ്രകടനങ്ങള്‍ നടക്കും.
Post Your Comments