കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കി രണ്ട് മാസം പിന്നിട്ടപ്പോഴേയ്ക്കും ഐഎസ് ഭീകരര്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി അക്രമം അഴിച്ചുവിടുന്ന സാഹചര്യമാണ് ഉള്ളത്.
താലിബാന്റെ ശക്തിപ്രദേശങ്ങളിലും അഫ്ഗാന്റെ ന്യൂനപക്ഷ സമൂഹമായ ഷിയ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളും ലക്ഷ്യമാക്കിയാണ് അക്രമങ്ങള്‍ പതിവാക്കിയിട്ടുള്ളത്.
Read Also : ദീപാവലി ദിനത്തിൽ ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി: പരിഹസിച്ച് സോഷ്യൽമീഡിയ
അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ വടക്കന്‍ സഖ്യത്തെ നേരിട്ടിരുന്ന താലിബാനെതിരെ ഇപ്പോള്‍ ആഞ്ഞടിക്കുന്നത് മുന്‍ അഫ്ഗാന്‍ സൈനികരാണ്. അഫ്ഗാന്‍ സൈന്യത്തില്‍ അംഗമായിരുന്നവരെയാണ് ഐഎസ് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. ഇറാഖ്-സിറിയ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐഎസ് ഖൊറാസന്‍ വിഭാഗത്തിലേക്കാണ് താലിബാനെ ശത്രുപക്ഷത്ത് കാണുന്ന മുന്‍ അഫ്ഗാന്‍ സൈനികര്‍ ചേക്കേറിയിരിക്കുന്നത്.
അമേരിക്ക പരിശീലനം നല്‍കിയ ചാരന്മാരുള്‍പ്പടെയുള്ളവര്‍ ഐഎസ് ഖൊറാസന്റെ ഭാഗമായതായും റിപ്പോര്‍ട്ടിലുണ്ട്. നന്‍ഗര്‍ഹാറും കാണ്ഡഹാറും കേന്ദ്രമാക്കി താവളമുറപ്പിക്കാനാണ് ഐഎസ് ഖൊറാസന്‍ വിഭാഗത്തിന്റെ ശ്രമം. ആഗസ്റ്റിന് ശേഷം ഈ രണ്ടു പ്രവിശ്യകളിലുമായി 65 ഭീകരരെ താലിബാന്‍ തടവിലാക്കിയെങ്കിലും ഭീകരാക്രമണങ്ങളിലൂടെയും ബോംബ് സ്ഫോടനങ്ങളിലൂടെയും 200 ലധികം പേരെയാണ് ഐസിസ് ഭീകരര്‍ കൊലപ്പെടുത്തിയത്.
അതേസമയം പാക് അതിര്‍ത്തിയിലെ പ്രവിശ്യകളില്‍ ലഷ്‌ക്കറും ജയ്ഷെ മുഹമ്മദ് ഭീകരരും താവളമുറപ്പിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments