തിരുവനന്തപുരം: മതംമാറാൻ തയാറാകാത്തതിന് സഹോദരീ ഭർത്താവിനെ മർദിച്ച കേസിൽ ഡോ. ഡാനിഷ് ജോർജ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഡാനിഷിന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച ചിറയിൻകീഴ് ആനത്തലവട്ടം എംഎ നിവാസിൽ മിഥുൻ കൃഷ്ണയ്ക്കാണ് മർദനമേറ്റത്.
രണ്ടു വർഷം മുൻപാണ് സമീപവാസിയായ ആനത്തലവട്ടം ബീച്ച് റോഡിൽ ദീപ്തി കോട്ടേജിൽ ദീപ്തിയുമായി മിഥുൻകൃഷ്ണ പ്രണയത്തിലായത്. കഴിഞ്ഞ മാസം 28ന് ഇരുവരും ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. ഇരുവരെയും കാണാനില്ലെന്നു കാട്ടി കുടുംബങ്ങൾ ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മിഥുനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് ദീപ്തി പോലീസിനോട് വ്യക്തമാക്കി.
അതേസമയം ഇരുവരെയും പള്ളിയിലേക്കു വിളിച്ചുവരുത്തിയ ഡാനിഷ് വിവാഹം നടത്തികൊടുക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. പള്ളിയിലെത്തിയ മിഥുൻ കൃഷ്ണയോട് മതം മാറണമെന്ന് വികാരിയും ഡാനിഷും ആവശ്യപ്പെട്ടതായി മിഥുൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അല്ലെങ്കിൽ ബന്ധത്തിൽനിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.
മിഥുൻ വഴങ്ങാതെ വന്നതോടെ അമ്മയെ കാണിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിച്ച് ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മിഥുനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മിഥുൻ പോലീസിൽ പരാതി നൽകിയതോടെ ഡാനിഷ് ജോർജ് ഒളിവിൽ പോകുകയായിരുന്നു.
Post Your Comments