കര്‍ണാടക: അച്ഛന്റെ കൊലപാതകിയെ പതിനേഴുവയസുകാരനായ മകന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കര്‍ണാടകത്തിലെ കല്‍ബുര്‍ഗി ജില്ലയിൽ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ രാജ്കുമാര് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. പതിനേഴുകാരന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ ആയിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
രാജ് കുമാറിനെ പിടിച്ചുതള്ളിയ ശേഷം പതിനേഴുകാരന് വലിയ കല്ലെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാള്‍ നിരന്തരം പതിനേഴുകാരന്റെ കുടുംബത്തെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി ഇയാൾ മദ്യപിച്ചെത്തി ഭീഷണി മുഴുക്കിയപ്പോൾ പ്രകോപിതനായ പതിനേഴുകാരന് ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രാജ് കുമാര്‍ സ്ഥിരം ശല്യക്കാരനാണെന്നും ഇയാള്‍ക്കെതിരെ നിരവധിപരാതികള്‍ ഗ്രാമീണര്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ എടുത്ത പതിനേഴുകാരനെ താല്‍ക്കാലികമായി ഷെല്‍റ്റര്‍ ഹോമില്‍ റിമാന്റ് ചെയ്തു.
Post Your Comments